കടുപ്പിച്ച് പൊലീസ്; ഇടുക്കി ജില്ലാ അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ
തൊടുപുഴ ∙ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി പൊലീസ്. അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടികളാകും ഇത്തവണ നേരിടേണ്ടിവരിക. ജില്ലയിൽ പ്രധാന ഇടങ്ങളിലായി 1400 പൊലീസുകാരെയാണു വിന്യസിച്ചത്. അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനൊപ്പം ഗ്രാമീണ മേഖലകളിലും പൊലീസിനെ പല സംഘങ്ങളായി തിരിച്ചു പട്രോളിങ്ങിനു നിയോഗിച്ചിട്ടുണ്ട്.
മിനി ലോക്ഡൗണിൽ നിസ്സാര കാര്യങ്ങൾക്കു പോലും ആളുകൾ തമിഴ്നാട്ടിലേക്കും അവിടെ നിന്നു കേരളത്തിലേക്കും പോയിരുന്നു. ഇതു പൂർണമായും നിരോധിക്കാനാണു തീരുമാനം. കാട്ടുപാതകളിലൂടെ ആളുകൾ കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പരിശോധന ആരംഭിക്കും. ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ആളുകൾ കറങ്ങി നടക്കുന്നില്ല എന്നുറപ്പാക്കും. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയിരുന്നതിലും ശക്തമായ നിയന്ത്രണങ്ങളാകും അതിർത്തിയിൽ ഉണ്ടാകുക.