ഏഴര മണിക്കൂറിൽ 501 കിലോമീറ്റർ, ട്രയൽ റണ്‍ ഉടൻ; കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിനെ കുറിച്ച് അറിയാം
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്റെ റേക്കുകൾ ഇന്ന് കൊച്ചുവേളിയിൽ എത്തിച്ചേരും. വൈകാതെ തന്നെ ട്രയൽ റൺ ആരംഭിക്കും. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷം സർവീസിന്റെ സമയക്രമം അന്തിമമായി തീരുമാനിക്കും. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ചകൾ കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസ്.
*എന്താണ് വന്ദേ ഭാരത് എക്സ്പ്രസ്?*
നേരത്തെ പറഞ്ഞതുപോലെ ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ഈ ട്രെയിന് സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപിത വേഗം 160 കിലോമീറ്ററാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ട്രാക്കുകളുടെ ശേഷി കണക്കിലെടുത്ത് പരമാവധി വേഗത 130 കിലോമീറ്റർ ആണ്.
*വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രത്യേകതകൾ*
ഒട്ടനവധി സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും വന്ദേ ഭാരത് എക്സ്പ്രസിൽ ഉണ്ട്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെയര്‍ കാര്‍. കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ് എന്നിവയുമുണ്ട്. കൂടാതെ എ സി കോച്ചുകള്‍, വിശാലമായ ജനലുകള്‍, സ്ലൈഡിംഗ് ഡോര്‍ എന്നിവയുണ്ട്. പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകള്‍ക്കടിയില്‍ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്. ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് (ഐസിഎഫ്) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.
*വന്ദേ ഭാരത് കേരളത്തിലെത്തുമ്പോൾ*
സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് നിരവധി പ്രതിസന്ധികളുണ്ട്. ട്രാക്കിന്‍റെ ശേഷി വർദ്ധിപ്പിക്കുകയും, ചില സ്ഥലങ്ങളിലെ വളവുകൾ നേരെയാക്കുകയും വേണം. കേരളത്തിൽ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള പാതയിലാണ് വളവുകൾ കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഈ പാതയിൽ ശരാശരി 80 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. എന്നാൽ ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള പാതയിൽ 110 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. ഇപ്പോൾ കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 45 കിലോമീറ്ററാണ്. രാജധാനി, ജനശതാബ്ദി എക്സ്പ്രസുകളാണ് ഇപ്പോൾ കേരളത്തിൽ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിനുകൾ.