‘കാക്കി പാന്റ്സ്, കമുഫ്ലാഷ് ടീ ഷർട്ട്, ജാക്കറ്റ്’; ബന്ദിപുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഫാരി

മൈസൂരു: കർണാടക ബന്ദിപുർ കടുവ സങ്കേതത്തിൽ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ വാർഷികം ഉദ്ഘാടനത്തിനായി ബന്ദിപുരിലെത്തിയതായിരുന്നു മോദി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. നരേന്ദ്ര മോദിയുടെ സഫാരി വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബന്ദിപുർ കടുവസംരക്ഷണപരിപാടിയിൽ വെച്ച് പ്രധാനമന്ത്രി ദേശീയ കടുവ സെന്‍സസ് പുറത്തുവിടും. കടുവ സംരക്ഷണത്തിൽ സർക്കാർനയം വ്യക്തമാക്കുന്ന ‘അമൃത് കാൽ’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും.
ബന്ദിപ്പുരിലെ സഫാരിക്കുശേഷം സമീപത്തെ തമിഴ്നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മന്‍-ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും.
കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷനൽ ബിഗ് കാറ്റ്സ് അലയൻസിനും (ഐബിസിഎ) പ്രധാനമന്ത്രി ഇവിടെ തുടക്കമിടും.