സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കോവിഡ്; കൂടുതൽ കേസുകൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1801 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പകരുന്നത് കൂടുതലും ഒമിക്രോണാണെന്ന് പരിശോധനാ ഫലങ്ങളിൽ തെളിഞ്ഞതായും പരിശോധനകള്‍ വര്‍ധിപ്പിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് നിലവിൽ ഓക്‌സിജന്‍ കിടക്കകൾ ആവശ്യമുള്ളതെന്നും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മോക് ഡ്രില്‍ നടത്തും.
പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നൽകി. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.