45000 എന്ന ചരിത്ര വിലയില്‍ മുത്തമിട്ട സ്വര്‍ണം തിരിച്ചിറങ്ങി

കൊച്ചി: സ്വര്‍ണം ഏവരെയും അമ്ബരപ്പിച്ചാണ് കഴിഞ്ഞ ദിവസം മുന്നേറ്റം നടത്തിയത്. 45000 എന്ന ചരിത്ര വിലയില്‍ മുത്തമിട്ട സ്വര്‍ണം വ്യാഴാഴ്ച തിരിച്ചിറങ്ങി.വലിയൊരു മുന്നേറ്റം നടത്താന്‍ വേണ്ടി പിന്നോട്ട് ആയുകയാണോ എന്നാണ് സംശയിക്കേണ്ടത്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിച്ചത് അത്തരം നീക്കമാണ്. അല്‍പ്പം കുറവ് രേഖപ്പെടുത്തുന്ന സ്വര്‍ണം പിന്നീട് കുതിച്ചുകയറുകയായിരുന്നു.
ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു പവന് വിലയില്‍ 280 രൂപയുടെ കുറവ് രേഖപ്പെടുത്തി. അതായത് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 44720 രൂപയാണ് വില. ഗ്രാം സ്വര്‍ണത്തിന് 5590 രൂപ കൊടുക്കണം. ഈ വിലക്കുറവ് സാധാരണക്കാരെ സംബന്ധിച്ച് തീരെ ആശാസ്യമല്ല. കാരണം ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയിലേക്കാണ് സ്വര്‍ണം കഴിഞ്ഞ ദിവസം കുതിച്ചുകയറിയിരുന്നത്.
ഈ മാസം ഒന്നിന് 44000 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. അഞ്ചാം ദിവസം 45000 ആയി. അഞ്ച് ദിവസത്തിനിടെ 1000 രൂപയുടെ വര്‍ധനവ് വ്യാപാരികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി വലിയ തോതില്‍ വില ഇടിയുമെന്ന് അവര്‍ കരുതുന്നുമില്ല. നേരിയ ചാഞ്ചാട്ടം പ്രകടമാകാനാണ് സാധ്യത എന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം, വില ഇത്രയും ഉയര്‍ന്നതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വര്‍ണ ആഭരണ കച്ചവടത്തില്‍ വലിയ തോതില്‍ ഇടിവ് വന്നിട്ടുണ്ട്. വലിയ വില കൊടുത്ത് ആരും സ്വര്‍ണം വാങ്ങില്ലെന്ന് ഉറപ്പാണ്. പഴയ സ്വര്‍ണം മാറ്റി വാങ്ങാന്‍ വരുന്നവരും ബുധനാഴ്ച കുറഞ്ഞിരുന്നു. നേരത്തെ വില കൂടിയ സാഹചര്യത്തില്‍ ആവശ്യക്കാര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങാനാണ് താല്‍പ്പര്യപ്പെട്ടിരുന്നത്.
2008ന് സമാനമായ സാഹചര്യം ആഗോള വിപണിയിലുണ്ടായതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. അന്ന് അമേരിക്കന്‍ സാമ്ബത്തിക രംഗം പൂര്‍ണമായി തകരുന്നു എന്ന തോന്നലുണ്ടാക്കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി പോയി. കമ്ബനികള്‍ തകര്‍ന്നു. ബാങ്കുകള്‍ നഷ്ടത്തിലായി. എന്നാലിപ്പോള്‍ സമാനമായ സാഹചര്യം വരുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്.
അമേരിക്കയിലേയും സ്വിറ്റ്സര്‍ലാന്റിലെയും ബാങ്കുകള്‍ കഴിഞ്ഞ മാസം തകര്‍ന്നതാണ് ഭീതി പരത്തിയത്. യുഎസ്ബി ബാങ്ക് തകര്‍ന്ന ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി എങ്കിലും നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ സംഭവിക്കുന്നത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കും. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയാന്‍ ഈ സാഹചര്യം അവരെ പ്രേരിപ്പിക്കും.