ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡല്‍ ഓക്സിജന്‍ ജനറേറ്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.
അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്. 41 സിലിണ്ടറുകളില്‍ നിറയ്ക്കാവുന്ന ഓക്സിജന് തുല്യമായ അളവില്‍ ഇങ്ങനെ ദിവസവും ഉത്പാദിപ്പിക്കാനാകും. അന്തരീക്ഷവായുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്സിജന്‍ കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മെഡിക്കല്‍ കോളേജിന് അനുവദിച്ച കെഎസ്ഇബി യുടെ പ്രത്യേക തുകയില്‍ നിന്നും നാല്‍പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരം ( 49,50,000) രൂപ മുടക്കിയാണ് ഓക്സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചത്.