അഞ്ചേക്കർ പരിധി കുരുക്കായി. സംഭരണം മുടങ്ങി 20 ടൺ നെല്ല് കളത്തിൽ


പാലക്കാട്: “തലമുറകളായി നെല്‍ക്കൃഷി ചെയ്തുവരുന്ന കുടംബമാണിത്. കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുന്ന നെല്ല് വില്‍ക്കാനാവാത്ത സ്ഥിതി, സംഭരണം തുടങ്ങിയകാലംമുതല്‍ ഉണ്ടായിട്ടില്ല.ഇനി കൃഷിയിടം തരിശിടേണ്ടിവരുമോ എന്ന പേടിയാണ് ഇപ്പോള്‍ മനസ്സില്‍… ” കുഴല്‍മന്ദം പെരുങ്കുന്നത്തെ പരമ്ബരാഗത കര്‍ഷകന്‍ കെ. കുട്ടിക്കൃഷ്ണന്റെ വാക്കുകള്‍ പാതിവഴിയില്‍ മുറിഞ്ഞു.
വീട്ടുമുറ്റത്തെ കളത്തില്‍ ഉച്ചവെയിലേറ്റ് സ്വര്‍ണനിറമാര്‍ന്ന നെല്ലിന്റെ കൂമ്ബാരം. അഞ്ചേക്കറില്‍ക്കൂടുതലുള്ള കൃഷിയിടത്തിലെ നെല്ലിന് കിലോഗ്രാമിന് 28.32 രൂപ നിരക്കിലുള്ള സംഭരണവില നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനമാണ് വയോധികനായ ഈ കര്‍ഷകന്റെ ഉറക്കം കെടുത്തുന്നത്.
ഇക്കുറി രണ്ടാംവിളയ്ക്ക് കുട്ടിക്കൃഷ്ണനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമുള്ള 30 ഏക്കര്‍ നെല്‍ക്കൃഷിയില്‍ വിളഞ്ഞത് 40 ടണ്‍ ഉമ മട്ട നെല്ലാണ്. ഇതില്‍ സപ്ലൈകോയുടെ കണക്കുപ്രകാരം മൂന്നുപേരില്‍നിന്നായി 15 ഏക്കറിലെ നെല്ലായ 20 ടണ്‍ മാത്രമേ സംഭരണവിലയ്ക്ക് എടുക്കൂ.