ആധി വേണ്ട, എല്ലാം ലഭ്യം: വീണ്ടും ലോക്ഡൗൺ എത്തുമ്പോൾ ചില സംശയങ്ങളും മറുപടിയും ഇതാ…
നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ തുടങ്ങുമെന്ന് കരുതി ഇന്ന് ആരും തിരക്ക് കൂട്ടരുത്. സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇന്ന് ജനങ്ങൾ തിരക്കുപിടിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിക്കുന്നു. അവശ്യ സാധനങ്ങളും മരുന്നുകളും എല്ലാവർക്കും ലോക്ഡൗൺ ദിനങ്ങളിലും ലഭ്യമാകുമെന്ന് ഉറപ്പ്
വീണ്ടും ലോക്ഡൗൺ എത്തുമ്പോൾ ചില സംശയങ്ങളും മറുപടിയും ഇതാ…
? ഓട്ടോറിക്ഷയും ടാക്സിയും ഓടുമോ
∙ നിലവിൽ ഇവ പൂർണമായി നിരോധിച്ചിട്ടില്ല. എന്നാൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കണം. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം. വെറുതേ നിരത്തിലിറങ്ങിയാൽ വാഹനം പൊലീസ് പിടിച്ചെടുക്കും.
?ഏതൊക്കെ കടകൾ തുറക്കും
∙ പലചരക്ക്, പച്ചക്കറി കടകളും മെഡിക്കൽ ഷോപ്പും തുറക്കും. പക്ഷേ, ആൾക്കൂട്ടം പാടില്ല.
? ഒരു കുടുംബത്തിലെ എല്ലാവരും കോവിഡ് ബാധിതരാണെങ്കിൽ എന്തു ചെയ്യും
∙ കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിതരാണെങ്കിൽ ലോക്ഡൗൺ സമയത്ത് ആരോഗ്യവകുപ്പും പഞ്ചായത്തും പ്രത്യേക പരിഗണന നൽകും. മരുന്നുകളും മറ്റും കൃത്യസമയത്ത് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് പഞ്ചായത്ത് അംഗത്തെ വിളിക്കാം. ഭക്ഷണം അടക്കമുള്ളവ ഏർപ്പാടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
? ലോക്ഡൗണിൽ വാക്സിനേഷൻ നടക്കുമോ. സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകുമോ?
∙ലോക്ഡൗണിൽ വാക്സീൻ വിതരണം മുടങ്ങില്ല. കോവിൻ സൈറ്റിൽ റജിസ്റ്റർ ചെയ്തും സ്പോട്ട് റജിസ്ട്രേഷനിലൂടെയും വാക്സീൻ നൽകും. വാക്സീനെടുക്കാൻ പോകുന്നവർക്കു യാത്രാ ഇളവും പൊലീസ് അനുവദിച്ചിട്ടുണ്ട്.
? ആശുപത്രിയിലെത്താൻ സൗകര്യം എന്ത്
∙ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കും. കൂടുതൽ ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ കലക്ടറോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെടും.
? പെട്രോൾ പമ്പുകൾ തുറക്കുമോ
∙ പെട്രോൾ പമ്പുകൾ പ്രവർത്തിക്കും. ആവശ്യത്തിന് ഇന്ധനം പമ്പുകളിൽ ശേഖരിച്ചിട്ടുണ്ട്.
? ഹോട്ടലുകൾ അടച്ചിടുമോ. ഹോം ഡെലിവറി ഉണ്ടാകുമോ?
∙ ഹോട്ടലുകൾ അടച്ചിടുമെങ്കിലും പാഴ്സൽ സൗകര്യം ഏർപ്പാടാക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് അതത് സ്ഥലങ്ങളിൽ സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി നടത്താം.
? കടകളിൽ ഹോം ഡെലിവറി ഏർപ്പെടുത്തുമോ ?
∙അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാം തുറന്നു പ്രവർത്തിക്കാനാണ് അസോസിയേഷൻ തീരുമാനമെന്നും ഹോം ഡെലിവറി സംവിധാനം സാധിക്കുന്ന എല്ലാ കടകളിലും ഏർപ്പെടുത്തുമെന്നും മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.സി.രാജു പറഞ്ഞു.