തകരുന്നു, ഏലം കർഷകരുടെ സ്വപ്‌നങ്ങളും
വിലയില്ല, ഒപ്പം തൊഴിലാളികളുടെ കുറവും
വണ്ടൻമേട് :കോവിഡ് വ്യാപനം അതിതീവ്രമായ ഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഏലത്തോട്ടങ്ങളും പ്രതിസന്ധിയിലേക്ക്. സീസൺ അവസാനിക്കുന്ന ഘട്ടത്തിൽ ഏലം വിപണിയിലുണ്ടായ കനത്ത വിലത്തകർച്ച കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾകൂടി കടുത്തതോടെ അതിർത്തി കടന്നുള്ള തൊഴിലാളികളുടെ വരവും നിലച്ചു. തമിഴ്നാട്ടിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് ജോലിക്കായി എത്തിയിരുന്നത്. ആദ്യ ലോക്‌ഡൗൺ കാലത്ത് അയൽസംസ്ഥാന യാത്രകൾക്ക് വിലക്ക് വന്നിരുന്നു. തൊഴിലാളി ക്ഷാമം നേരിടുകയും തോട്ടങ്ങളിലെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഉൽപ്പാദനം ഗണ്യമായി കുറയുകയും ചെയ്‌തിരുന്നു. സമാനമായ പ്രതിസന്ധിയാണ് തോട്ടങ്ങൾ ഇപ്പോൾ നേരിടുന്നത്. അടുത്ത സീസൺ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള കവാത്ത്, വളപ്രയോഗം, മണ്ണിടൽ, കീടനാശിനി തളിക്കൽ, അവസാനഘട്ട വിളവെടുപ്പ് തുടങ്ങിയ ജോലികളാണിപ്പോൾ നടക്കുന്നത്. ആവശ്യത്തിന് തൊഴിലാളികൾ എത്താതായതോടെ ഈ പ്രവർത്തനങ്ങളെല്ലാം ഏറെക്കുറെ നിലച്ച മട്ടാണ്. നിലവിൽ തോട്ടങ്ങളിലെ ലയങ്ങളിലും സമീപപ്രദേശങ്ങളിലുള്ള തൊഴിലാളികളാണ് ജോലിക്കെത്തുന്നത്.
ഉൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിൽ ഏലക്കാ വില കൂപ്പുകുത്തിയതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. തമിഴ്നാട്ടിലെ ബോഡിനായ്‌ക്കന്നൂർ ലേലകേന്ദ്രത്തിൽ മെയ് ഒന്നിനാണ് അവസാനമായി ലേലം നടന്നത്. ഇതിൽതന്നെ സമീപവർഷങ്ങളിലെ ഏറ്റവും കുറഞ്ഞ ശരാശരി വിലയായ 861. 02 രൂപയ്‌ക്കാണ് ലേലം അവസാനിച്ചത്. ഉയർന്ന വില കിലോഗ്രാമിന് 1434 ലും അവസാനിച്ചു. കോവിഡ് രൂക്ഷമായതിനാൽ നിലവിൽ ലേലനടപടികൾ നിർത്തിവച്ചിരിക്കുകയാണ്. ലേലത്തിൽ വിലയിടിക്കുന്നതിന് കച്ചവട ലോബികളുടെ ശ്രമമുണ്ടന്നാണ് കർഷകരുടെ ആക്ഷേപം. കോവിഡ് പ്രതിസന്ധി നീങ്ങി നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.