നടൻ ഇന്നസെന്റ് അന്തരിച്ചു


മലയാളികളുടെ പ്രിയപ്പെട്ട നടനും മുൻ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
ഇന്നസെൻ്റിൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നതിന് ശേഷം മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്ക്ഷോർ ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.
മൂന്നു തവണ വന്ന കൊവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നടനെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു താരം. ഈയിടെ ഇന്നസെന്റിന് ഓർമ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദർശനത്തിനിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങൾ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്.
കാൻസറിനെ ഇച്ഛാശക്തിയോടെ നേരിട്ടതോടെയാണ് ഇന്നസെന്റ് വാർത്തകളിൽ നിറഞ്ഞത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും ഇന്നസെന്റിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കാൻസർ രോഗം സ്ഥിരീകരിച്ചാൽ അതിനെ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാൽ തനിക്ക് കാൻസറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാൻ ആരുടേയും മുതൽ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാൻ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം.
അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു ‘അമ്മ’ പ്രസിഡന്റ് ആയി 12 വർഷത്തോളമാണ് ഇന്നസെന്റ് തുടർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ ചാലക്കുടിയിൽ നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
തമാശ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വേഷം, അരികെ, നരൻ, ബസ് കണ്ടക്ടർ, ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ വൈകാരിക രംഗങ്ങളിലും മികവ് തെളിയിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ അമരത്തിരുന്ന ഇന്നസെന്റ് രാഷ്ട്രീയത്തിലും കൈ വെച്ചിട്ടുണ്ട്. നിർമാതാവായാണ് ഇന്നസെന്റ് സിനിമയിലേക്കെത്തിയതെന്ന് പലർക്കും അറിയാത്ത കാര്യമാണ്. തൃശൂർ ശൈലിയിലുള്ള സംസാരവും പ്രത്യേക ശരീര ഭാഷയും ഇന്നസെന്റിനെ പിൽക്കാലത്ത് സിനിമകളിലെ ഹാസ്യ, സ്വഭാവ നടനാക്കി.
റാംജി റാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി. മാന്നാർ മത്തായി സ്പീക്കിംഗ്, ഗജകേസരി യോഗം, തൻമാത്ര, ബസ് കണ്ടക്ടർ., നരൻ, ഉടയോൻ, ദേവാസുരം, നരസിംഹം, രസതന്ത്രം, മനസ്സിനക്കരെ, കല്യാണ രാമൻ, ഇഷ്ടം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇന്നസെന്റിന്റെ വേഷം ജനപ്രീതി നേടി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിറ്റിക് പുരസ്കാരവും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ഇന്നസന്റിന് ലഭിച്ചിട്ടുണ്ട്.