രണ്ടു വർഷത്തിൽ ഏഴായിരം ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുമെന്ന് ബിപിസിഎൽ; 800 കോടി ചെലവ്


ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) തെക്കേ ഇന്ത്യയിൽ 19 ഇലക്ട്രിക് വാഹന (ഇവി) ഇടനാഴികൾ തുറന്നു. കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 15 പ്രധാന ഹൈവേകളിലെ 110 ഇന്ധന സ്റ്റേഷനുകളാണ് ഇതിനുള്ള ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നതിന് തെരഞ്ഞെടുത്തത്. കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുള്ള 3 ഇടനാഴികളും കർണാടകയിൽ 33 ഇന്ധന സ്റ്റേഷനുകളുള്ള 6 ഇടനാഴികളും തമിഴ്‌നാട്ടിൽ 58 ഇന്ധന സ്റ്റേഷനുകളുള്ള 10 ഇടനാഴികളുമാണ് തുറന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്കായി രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് ഏഴായിരത്തിലധികം ചാർജിങ് പോയിന്റുകൾ നിർമിക്കുമെന്നും ബിപിസിഎൽ അറിയിച്ചു. ഇതിനായി 800 കോടി രൂപയാണ് മാറ്റിവെയ്ക്കുക. 125 കിലോമിറ്റർ വരെ റേഞ്ചു കിട്ടുന്ന രീതിയിൽ വാഹനം ചാർജ് ചെയ്യാൻ വെറും 30 മിനിറ്റ് മാത്രമാണ് എടുക്കുക. രണ്ടു ചാർജിംങ് സ്റ്റേഷനുകൾക്കിടയിൽ 100 കിലോമീറ്റർ ദൂരമാണ് ഉണ്ടാവുക. ഈ മാസം അവസാനത്തോടെ 200 ഹൈവേകൾ അതിവേഗ വാഹന ചാർജിങ് സൗകര്യമുള്ളവയാക്കി മാറ്റുമെന്നും ബിപിസിഎൽ അറിയിച്ചു. ഇതുവരെ 21 ഹൈവേകൾ ബി.പി.സി.എൽ വൈദ്യുത ഇടനാഴികളാക്കി മാറ്റിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി, കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം തുടങ്ങിയ പല ആരാധനാലയങ്ങളെയും വിനോത സഞ്ചാര കേന്ദ്രങ്ങളെയും ഈ ഇടനാഴികൾ ബന്ധിപ്പിക്കും. ഇതിൽ കേരളത്തിലെ രണഗന്തസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാർപാടം ബസിലിക്ക, സെന്റ് ആന്റണീസ് പള്ളി, കൊരട്ടി പള്ളി, മർകസ് നോളഡ്ജ് സിറ്റി, തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള എർലി സൺറൈസ് വാച്ച്, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം എന്നിവയും ഉൾപ്പെടുന്നു.
എറണാകുളത്ത് നടന്ന ലോഞ്ച് ചടങ്ങിൽ കമ്പനിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് (റീട്ടെയിൽ) പി.എസ്. രവിയാണ് ഈ ഫാസ്റ്റ് ഇവി ചാർജിംഗ് ഇടനാഴികൾ ഉദ്ഘാടനം ചെയ്തത്. റീട്ടെയിൽ സൗത്ത് ഹെഡ് പുഷ്പ് കുമാർ നായർ, കേരള സ്റ്റേറ്റ് ഹെഡ് (റീട്ടെയിൽ) കണ്ണബീരൻ ഡി., ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനിഷ്യേറ്റീവ് & ബ്രാൻഡ്) ശുഭങ്കർ സെൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.