ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാഞ്ഞ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിക്കെട്ടാതെ വീട്ടമ്മയെ വീട്ടിലേക്ക് പറഞ്ഞയച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദ്ദേശിച്ചു. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും.
മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്. കൊല്ലം, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ യുവതി ചികിത്സയ്ക്ക് വിധേയയായിരുന്നു. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചു നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്. പിന്നീട് വയർ തുന്നാതെ ബസ്സിൽ പറഞ്ഞയച്ചെന്നാണ് പരാതി. നിലവിൽ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുപ്രവർത്തകൻ ജി.എസ് ശ്രീകുമാർ നൽകിയ പരാതിയിലാണ് നടപടി.
പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഷീബയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥനും ഷീബയെ വിളിച്ച് വിവരങ്ങൾ ചോദിച്ചില്ലെന്നും യുവതിക്ക് ചികിത്സ നൽകുന്നതിൽ സർക്കാർ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്നും തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.