ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്ക ഇല്ലാതാകുമോ? കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്കകൾ ഇല്ലാതാകുമോയെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി വരുത്തിയാലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വന്യ ജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും കുറഞ്ഞത് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി ആർ ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ബഫർ സോൺ തീരുമാനിക്കുമ്പോൾ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാൽ നിരീക്ഷിച്ചിരുന്നു. ബഫർ സോണിൽ പുതിയ നിർമ്മാണങ്ങൾ നിരോധിക്കുന്ന പരാമർശം കഴിഞ്ഞ വർഷം ജൂണിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്. അവിടെ താമസിക്കുന്നവരുടെ തൊഴിലിനെയും ടൂറിസത്തെയും ബാധിക്കുമെന്നും നിർമ്മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.