സ്വപ്നക്കെതിരായ വധഭീഷണി; വിജേഷ് പിള്ള നാളെ ബെംഗളുരു പോലീസിന് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളൂരു പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. അഭിഭാഷകനൊപ്പം വിജേഷ് പിള്ള കെ.ആർ.പുര പോലീസ് സ്റ്റേഷനിലെത്തും. സമൻസ് ലഭിച്ചിട്ടില്ലെന്നും പോലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നതെന്നും വിജേഷ് പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ.ആർ പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഐ.പി.സി 506-ാം വകുപ്പ് പ്രകാരമാണ് വിജേഷ് പിള്ളയ്ക്കെതിരെ ബെംഗളൂരു കൃഷ്ണരാജപുര പോലീസ് കേസെടുത്തത്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് സമൻസ് അയച്ചിരുന്നു. വാട്സാപ്പ് വഴിയാണ് സമൻസ് അയച്ചത്. അതേസമയം, വിജേഷ് പിള്ളയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായും ബെംഗളൂരു പോലീസ് അറിയിച്ചിരുന്നു.
അതേസമയം മഹാദേവപുര എസിപി സ്വപ്ന സുരേഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിജേഷ് പിള്ള താമസിച്ചിരുന്ന സുരി ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. മൊഴിയെടുപ്പ് അരമണിക്കൂറോളം നീണ്ടു. സ്വപ്ന പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.