നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; 4 എംഎല്‍എമാർ സഭാ ടിവി ഉന്നതാധികാരസമിതിയിൽ നിന്ന് രാജിവെക്കും
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കും. 4 പ്രതിപക്ഷ എം.എൽ.എമാരാണ് രാജിവെക്കാനൊരുങ്ങുന്നത്. ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജിവെക്കുന്നത്.
കുറച്ചുകാലമായി സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവ് അടക്കമുള്ള എം.എൽ.എമാരുടെ പ്രതിഷേധമോ സഭാ ടിവി കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോളുള്ള ദൃശ്യങ്ങളും കാണിച്ചില്ല. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മാധ്യമങ്ങൾക്ക് നൽക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധം പ്രക്ഷേപണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് മാത്രമായി മാറിയെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു. സഭാ ടിവി ഇതുപോലെ മുന്നോട്ട് പോകുകയാണെങ്കിൽ അവരുമായി സഹകരിക്കണമോ വേണ്ടയോ എന്ന് പ്രതിപക്ഷം പുനർവിചിന്തനം നടത്തേണ്ടിവരുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.