ആരോഗ്യവകുപ്പിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് സമരം നടത്തി
ആരോഗ്യവകുപ്പ് വാത്തിക്കുടി പഞ്ചായത്തിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പതിനാറാകണ്ടത്ത് പ്രവര്‍ത്തിക്കുന്ന വാത്തിക്കുടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ പ്രൈമറിഹെല്‍ത്ത് സെന്‍ററാക്കി മാറ്റിയതിനെതിരെ പ്രതികരിക്കാത്ത ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെയും കേരള കോണ്‍ഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ പതിനാറാംകണ്ടം ടൗണില്‍ ധര്‍ണ്ണാസമരം നടത്തി.
വാത്തിക്കുടി, കൊന്നത്തടി, തങ്കമണി, ഉപ്പുതോട് വില്ലേജുകളിലെ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായ പതിനാറാംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രൈമറിഹെല്‍ത്ത് സെന്‍ററിനെ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്‍ററാക്കി വീണ്ടും ഉയര്‍ത്തുക. രോഗികളെ കിടത്തി ചികില്‍സിച്ചിരുന്നത് അവസാനിപ്പിച്ചത് പുനരാരംഭിക്കുക, ആവശ്യത്തിന് ഡോക്ടര്‍മാരെയും ഇതരജീവനക്കാരെ നിയമിക്കുക, മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം
ജില്ലാപഞ്ചായത്ത് മെമ്പറും കേരളകോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറിയുമായ ഷൈനി സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബിബിന്‍ എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നോബിള്‍ ജോസഫ്, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട്, കര്‍ഷകയൂണിയന്‍ സംസ്ഥാനപ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ അഡ്വ:എബി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ഷാജി, ക്ഷീരോല്‍പ്പാദനസംഘം പ്രസിഡന്‍റ് സണ്ണി പുല്‍ക്കുന്നേല്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജോ പുളിമൂട്ടില്‍, കേരളകോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്‍റ് തോമസ്പുളിമുട്ടില്‍, മണ്ഡലം സെക്രട്ടറി ഷോബി മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായ സാബു മൂങ്ങാമാക്കല്‍, ജോര്‍ജ് വിലങ്ങുപാറയില്‍, ജോയി കൊച്ചുപുരയ്ക്കല്‍, ബേബി മറ്റത്തില്‍, പി.എ. സുരേഷ് തുടങ്ങിയവര്‍ ധര്‍ണാസമരത്തിന് നേതൃത്വം നല്‍കി.