‘ഇന്ത്യയില്‍ മാത്രമുള്ള ദൃശ്യങ്ങള്‍’; മുൻടയറുകൾ നിലം തൊടാതെ ട്രക്ക്, വീഡിയോ വൈറൽ
ചില വീഡിയോകൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ വൈറലാകും. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിൽ അതിവേഗം വൈറലായി. ‘ഇന്ത്യയിൽ മാത്രമുള്ള ദൃശ്യങ്ങൾ’ എന്ന അടിക്കുറിപ്പോടെ വ്യവസായി ഹർഷ് ഗോയങ്ക പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ദൂരെ നിന്ന് ലോഡുമായി വരുന്ന ഒരു ട്രക്കിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ട്രക്കിനൊപ്പം ഒരാള്‍ റോഡിലൂടെ നടക്കുന്നതും കാണാം. എന്നാൽ ട്രക്കിന്റെ ദൃശ്യങ്ങൾ ശ്രദ്ധിച്ച് നോക്കുമ്പോഴാണ് അതിന്റെ മുൻവശത്തെ ടയറുകൾ റോഡിൽ സ്പർശിക്കുന്നില്ലെന്ന് കാണുക, മാത്രമല്ല അവ ഉയർത്തി വച്ചിരിക്കുകയാണെന്നും മനസിലാവും.
ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ബൈക്ക് റൈഡർമാരെപ്പോലെ മുൻവശത്തെ ടയറുകൾ ഉയർത്തിയാണ് ട്രക്ക് ഡ്രൈവർ വാഹനമോടിക്കുന്നത്. കൊള്ളാവുന്നതിലേറെ ലോഡ് അതിൽ കയറ്റിയിട്ടുമുണ്ട്. കരിമ്പിന് തണ്ടാണ് ട്രക്കിലെ അമിത ലോഡ്. മോട്ടോർ ഒക്റ്റേൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. പിന്നീട് നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.