വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചൈന; അതിർത്തികൾ തുറക്കുന്നത് 3 വർഷത്തിന് ശേഷം
ബീജിംഗ് : കോവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ചൈന വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത്. സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ച സീറോ കോവിഡ് നയം പിൻവലിച്ച ചൈന, രാജ്യം കൊവിഡിൽ നിന്ന് മുക്തമായെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ വലിയ ഇളവ് പ്രഖ്യാപിച്ചത്.
2020 മാർച്ച് 28ന് മുമ്പ് ചൈന നൽകിയ വിസകളില്‍ സാധുവായവയ്ക്ക് മാർച്ച് 15 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും. കൂടാതെ, ഹൈനാൻ ദ്വീപ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ ക്രൂയിസ് കപ്പലുകൾക്ക് വിസ രഹിത പ്രവേശനവും അനുവദിക്കും. അതുപോലെ, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള ടൂർ ഗ്രൂപ്പുകൾക്ക് വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. കൂടാതെ വിദേശത്തുള്ള ചൈനീസ് കോൺസുലേറ്റുകൾ വിസ അപേക്ഷകൾ പരിഗണിക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്.