‘ഓസ്കാറിന്റെ ക്രെഡിറ്റ് എടുക്കരുത്’: ബിജെപിയോട് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഓസ്കാറിൽ ഇന്ത്യ ഇരട്ട വിജയം നേടിയതിന്‍റെ ക്രെഡിറ്റ് ദയവായി എടുക്കരുതെന്ന് ബിജെപിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. ഓസ്കാറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യൻ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷമാണ് ഇതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണപക്ഷത്തോട് പറഞ്ഞത്.
“ഞങ്ങൾ വളരെ അഭിമാനിക്കുന്നു. എന്നാൽ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി അതിന്‍റെ ക്രെഡിറ്റ് എടുക്കരുത് എന്നതാണ്. ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ പാട്ട് എഴുതി, സിനിമ സംവിധാനം ചെയ്തത് മോദിജിയാണ് എന്നൊന്നും പറയരുത്. അതാണ് എന്‍റെ ഒരേയൊരു അഭ്യർത്ഥന” ഖാർഗെ പറഞ്ഞു. ഖാർഗെയുടെ പരാമർശം പ്രതിപക്ഷത്ത് മാത്രമല്ല, ഭരണപക്ഷത്തെയും ചിരിപ്പിച്ചു. രാജ്യസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായ ജഗദീപ് ധൻഖറും ചിരിച്ചു.
‘ആർആർആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിലും ‘ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി മികച്ച ഡോക്യുമെന്‍ററി വിഭാഗത്തിലും ഓസ്കാർ നേടിയിരുന്നു. വിജയികളെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവർ രാജ്യത്തിന് അഭിമാനം നൽകിയെന്നും പറഞ്ഞു.