വരിക്കമുത്തൻ-പട്ടയക്കുടി റോഡിലെ യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു
ചെറുതോണി : കുടിയേറ്റ കാലത്തോളം പഴക്കമുള്ള വരിക്കമുത്തൻ-പട്ടയക്കുടി റോഡിനോട് അധികൃതർ കടുത്ത അനാസ്ഥ കാട്ടുന്നതായി പരാതി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പരാതികൾ പലത് നൽകിയിട്ടും വേണ്ട യാതൊരു നടപടികളും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
കഞ്ഞിക്കുഴി-വണ്ണപ്പുറം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പട്ടയക്കുടി- വരിക്കമുത്തൻ റോഡ് ആദിവാസി മേഖലയായ പട്ടയക്കുടിയിൽനിന്ന് ജില്ലാ ആസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റുന്ന മാർഗമാണ്.
മൂന്ന് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ഒരു കിലോമീറ്റർ ഭാഗം ടാറിങ് ജോലികൾ പൂർത്തിയാക്കിയിട്ടുള്ളതാണ്.
എന്നാൽ വണ്ണപ്പുറം പഞ്ചായത്തിന്റെ ഭാഗമായ രണ്ട് കിലോമീറ്റർ ദൂരമാണ് കാൽനടയാത്രപോലും സാധ്യമാകാത്തനിലയിൽ കിടക്കുന്നത്.
രണ്ട് പഞ്ചായത്തുകളുടെ അതിർത്തിയിൽപ്പെട്ട പ്രദേശമായതിനാലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വേണ്ട പരിഗണന നൽകാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.