ബ്രഹ്മപുരം; 48 മണിക്കൂർ ജാഗ്രത, ആരോഗ്യ സർവേ ഇന്ന് തുടങ്ങും
കൊച്ചി: 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീയും പുകയും പൂർണമായും അണഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ 100 ശതമാനം പുകയും അണച്ചതായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ഭാവിയിൽ ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിരക്ഷാസേന, റവന്യൂ, നാവികസേന, വ്യോമസേന, സിവിൽ ഡിഫൻസ്, പൊലീസ്, ഹോം ഗാർഡ്, കോർപ്പറേഷൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എൽ.എൻ.ജി ടെർമിനൽ, ബി.പി.സി.എൽ, ഹെൽത്ത്, എക്സ്കവേറ്റർ ഓപ്പറേറ്റർമാർ എന്നിവരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. സ്‌മോള്‍ഡറിംഗ് തീപിടുത്തമായതിനാൽ ചെറിയ തീപിടിത്ത സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കാൻ അഗ്നിരക്ഷാസേന ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തമുണ്ടായാലും രണ്ടുമണിക്കൂറിനകം അണയ്ക്കാനാകും.
പ്ലാന്‍റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ പ്രദേശങ്ങളിൽ ആരോഗ്യ സർവേ ഇന്ന് ആരംഭിക്കും. ഇതിന്‍റെ ഭാഗമായി ആശാ വർക്കർമാർക്ക് പരിശീലനം നൽകി. മൂന്ന് സെഷനുകളിലായി 202 ആശാ വർക്കർമാർക്ക് പരിശീലനം നൽകി. ഓരോ വീട്ടിലും കയറി ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കും. ആശാ വർക്കർമാർ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ചേർക്കും. ലഭ്യമായ വിവരങ്ങൾ ഉടനടി പരിശോധിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജമാക്കിയ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. പുക ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ധ ചികിത്സ ഇത് ഉറപ്പാക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമോണോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്സ്, ഡെർമറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എക്സ്-റേ, അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ, വിഷൻ ടെസ്റ്റിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും.