സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും; അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച
വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം, മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെമ്പാടുമുള്ള ബാങ്കിങ് ഓഹരികളിലെ ഇടിവിന് കാരണമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബാങ്കുകൾ തകർന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്റെ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടിയിലധികം ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്റെ തകർച്ച പല നിക്ഷേപകരേയും ആശങ്കയിലാക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ബാങ്കിങ് ഇൻഷുറൻസ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
യുഎസിലെ തകർച്ചയ്ക്ക് പിന്നാലെ സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്എസ്ബിസി. യുഎസിലെ സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുകയാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യം. യുകെയിലെ സിലിക്കൺ വാലി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുമെന്ന് എച്ച്എസ്ബിസി അറിയിച്ചു.
കഴിഞ്ഞ ദിവസം തകർന്ന സിലിക്കൺ വാലി ബാങ്ക് അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിൽ ഒന്നായിരുന്നു. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയകത്. ബാങ്ക് ഉടമകളായ എസ്വിബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച ഏകദേശം 175 കോടി ഡോളറിന്റെ ഓഹരി വിൽപ്പന പ്രഖ്യാപിച്ചതോടെയാണ് പ്രശ്ങ്ങൾ ആരംഭിച്ചത്.