സൂര്യന് മുമ്പ് ബഹിരാകാശത്ത് വെള്ളം ഉണ്ടായിരുന്നു; കണ്ടെത്തലുമായി ശാസ്ത്ര ലോകം
സൂര്യനാണോ ഭൂമിയാണോ ആദ്യം ഉണ്ടായത്? കുട്ടിക്കാലത്തെ ഈ കുസൃതി ചോദ്യം നമ്മെ ഏറെ കുഴക്കിയ ഒന്നായിരുന്നു. എന്നാൽ സാധാരണക്കാർ നിസ്സാരമെന്ന് കരുതുന്ന സംശയങ്ങൾക്ക് പിന്നാലെ മനുഷ്യർ പോകുമ്പോഴാണ് പ്രപഞ്ചത്തിലെ പല കാര്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്. അത്തരം ഒരു ദീര്‍ഘ ഗവേഷണത്തിലെ അനുമാനം യഥാര്‍ത്ഥ്യമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
സൂര്യന് മുമ്പ് ബഹിരാകാശത്ത് ജലം രൂപപ്പെട്ടിരുന്നുവെന്ന കണ്ടെത്തലിന്റെ പാതയിലാണ് ശാസ്ത്ര ലോകം. ബഹിരാകാശത്ത് സൂര്യൻ രൂപപ്പെടുന്നതിന് മുമ്പ് ജലമുണ്ടായിരുന്നു. ബഹിരാകാശത്തെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഗവേഷകർ അത്യാധുനിക ടെലിസ്കോപിക് ലെൻസായ അറ്റകാമ ലാർജ് മില്ലിമീറ്റർ / സബ്മില്ലിമീറ്റർ അറേയാണ് (എഎൽഎംഎ) ഉപയോഗിച്ചത്.
ഭൂമിയിൽ നിന്ന് 1,300 പ്രകാശവർഷം അകലെയുള്ള വി883 ഒറിയോണിസ് എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹ രൂപീകരണ പ്രദേശത്താണ് വാതക ജലം കണ്ടെത്തിയത്. വി883 ഒറിയോണിസിന് ചുറ്റുമുള്ള ജലത്തിന്റെ സാന്നിധ്യം അതിന്റെ രാസസാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ബഹിരാകാശത്ത് പുതുതായി കണ്ടെത്തിയ ജലത്തിന്റെ സാന്നിധ്യം നക്ഷത്രങ്ങൾ രൂപപ്പെടുന്ന വാതക മേഘങ്ങളിൽ നിന്ന് ഗ്രഹത്തിലേക്കുള്ള ജലത്തിന്റെ ചലനത്തെ വിശദീകരിക്കുമെന്നും ഗവേഷകർ കരുതുന്നു. മാത്രമല്ല, ഈ പഠനം ഭൂമിയിലെ ജലത്തിന്റെ സാന്നിധ്യം സൂര്യനെക്കാൾ പഴക്കമുള്ളതാണെന്ന ആശയം വിശദീകരിക്കുമെന്നും അവർ അവകാശപ്പെട്ടു.