ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ഈ വർഷം ഇന്ത്യയെ തേടിയെത്തിയത് രണ്ട് ഓസ്കാർ പുരസ്കാരങ്ങളാണ്. ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദി എലിഫന്‍റ് വിസ്പേഴ്സും’ ഒറിജിനൽ സോംഗ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’വും ഓസ്കാർ നേടി. വിജയികൾക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്.
ഇത് അസാധാരണമായ നേട്ടമാണ്. നാട്ടു നാട്ടു’ ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിൽ ഉണ്ട്. വരും വർഷങ്ങളിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പാട്ടായിരിക്കും ഇത്. ചിത്രത്തിന്‍റെ വിജയത്തിൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും മോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
അതേസമയം, ഓസ്കാറിൽ ഇന്ത്യയുടെ അഭിമാനമായി ‘ദി എലിഫന്‍റ് വിസ്പേഴ്സ്’ മാറി. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം, മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കാർ നേടി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് എലിഫന്‍റ് വിസ്പേഴ്സ് പറയുന്നത്. തമിഴ്നാട്ടിലെ ആദിവാസി ദമ്പതികളായ ബൊമ്മൻ- ബെല്ലി ദമ്പതികളുടെ ജീവിതത്തെ ഹൃദയസ്പർശിയായ രീതിയിൽ ചിത്രീകരിക്കാൻ കാർത്തികി ഗോൺസാൽവസിന് കഴിഞ്ഞു.