തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല: കെ. മുരളീധരന്
ന്യൂഡല്‍ഹി: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് കെ.പി.സി.സി നേതൃത്വം കത്തയച്ചതിന് പിന്നാലെയാണ് കെ.മുരളീധരന്റെ നിലപാട്. തന്നെ അപമാനിക്കാൻ മനപ്പൂർവം നോട്ടീസ് നൽകിയെന്നും മുരളീധരൻ പറഞ്ഞു.
തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ,
. വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നില്ല. ഇക്കാര്യം പ്രവർത്തകരോടും പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്ക് നോട്ടീസ് നൽകുന്നത് ഗുണകരമാണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ.നോട്ടീസ് അയയ്ക്കുന്നതിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റിന് തന്നോട് സംസാരിക്കാമായിരുന്നെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരന് അയച്ച കത്തിൽ പ്രസ്താവനകൾ പാർട്ടിയെ ദോഷകരമാണെന്നും ജാഗ്രത പാലിക്കണമെന്നും കെ.പി.സി.സി പറഞ്ഞു. കത്ത് ലഭിച്ചതായി കെ മുരളീധരൻ സ്ഥിരീകരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിർദേശം കത്തിലുണ്ടെന്നും വിശദീകരണം തേടിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കെ മുരളീധരന്റെയും എം കെ രാഘവന്റെയും പരസ്യ പ്രസ്താവനകളിൽ അതൃപ്തി പ്രകടിപ്പിച്ച് കെ പി സി സി നേതൃത്വം എ ഐ സി സിക്ക് കത്ത് നൽകിയിരുന്നു. ഇരുവർക്കും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കത്തയച്ചു.