കെഎസ്ആർടിസി ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിച്ച ശേഷമേ രണ്ടാം ഗഡു നൽകൂ എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ജനുവരി വിഹിതത്തിൽ നിന്ന് 20 കോടി രൂപയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിനായി ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. പണിമുടക്ക് പ്രഖ്യാപിച്ച ബിഎംഎസ് പണിമുടക്ക് തീയതി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
എല്ലാ ജീവനക്കാർക്കും പകുതി ശമ്പളം നൽകിയിട്ടുണ്ടെന്നും ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. എന്നാൽ എതിർപ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. ബാങ്ക് കുടിശ്ശികയും മറ്റും നൽകുന്നതിന് ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് ഗഡുക്കളായി ശമ്പളം നൽകാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതാക്കൾ മന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർച്ചയിൽ കെ.എസ്.ആർ.ടി.സിയിൽ തൽക്കാലം സമരം തുടരില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഗഡുക്കളായി ശമ്പളം നൽകുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ചർച്ചയിൽ സിഐടിയു നേതാക്കൾ വ്യക്തമാക്കി.