പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയി; ശാസിച്ച് എം വി ഗോവിന്ദൻ
കോട്ടയം: ജനകീയ പ്രതിരോധ ജാഥയിലെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയതിൽ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. ആളുകൾ രണ്ടാമതും ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. യോഗം പൊളിക്കാൻ ചിലർ ഗവേഷണം നടത്തുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.
“ശ്ശ്, ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. മീറ്റിങ് എങ്ങനെ തകർക്കാമെന്ന് ഗവേഷണം നടത്തുന്ന ചില ആളുകളുണ്ട്. എനിക്ക് മനസ്സിലായി, വാഹനത്തിൽ വന്നതാകും. അവരെയും കൂടെ കൊണ്ടുപോകണ്ടേ. കുറച്ചുപേർ പോയിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാണ്. മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കിൽ പോകൂ,” അദ്ദേഹം പറഞ്ഞു. ജാഥയ്ക്കിടെ തൃശൂരിലെ മൈക്ക് ഓപ്പറേറ്ററെ എംവി ഗോവിന്ദൻ ശാസിച്ചത് നേരത്തെ വിവാദമായിരുന്നു.