എച്ച്3 എൻ2; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: എച്ച് 3 എൻ 2 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ നിർദേശം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദമാണ് എച്ച് 3 എൻ 2. സാധാരണ പനി, ചുമ എന്നിവയോടെയാണ് എച്ച് 3 എൻ 2 ആരംഭിക്കുന്നത്. തുടർന്ന് ഇത് ന്യുമോണിയ, ശ്വാസതടസ്സം എന്നിവയിലേക്കും ഗുരുതരമായാൽ മരണത്തിലേക്കും നയിച്ചേക്കാം. ഇതിനർത്ഥം രോഗം പടരാതിരിക്കാൻ കോവിഡിന് സമാനമായ മുൻകരുതലുകൾ സ്വീകരിക്കണം എന്നാണ്. രോഗലക്ഷണങ്ങളും കോവിഡിന് സമാനമാണ്.
രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകുന്നത് ശ്രദ്ധിക്കണം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് ഗുരുതരമായ രോഗം ഉണ്ടാകാം. അനുബന്ധ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണം. മാസ്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈ കഴുകുന്നത് ശീലമാക്കുക തുടങ്ങിയ നിർദേശങ്ങളുണ്ട്.