അമേരിക്കയിലെ വമ്പൻ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തകർന്നത്.
സിലിക്കൺ വാലി ബാങ്കിന്‍റെ ഉടമകളായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപ്പന പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നായിരുന്നു എസ് വി ബി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ ഇത് ബാങ്കിന്‍റെ ഓഹരി മൂല്യത്തിൽ ഇടിവുണ്ടാക്കി. സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ് വി ബി ബാങ്കിന്‍റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.