പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്
കോട്ടയം: ഇന്ന് രാവിലെ 11 മണിയോടെ പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉൾപ്പെടെ മൂന്നിടങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങിയ രണ്ട് കത്തുകൾ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് കത്തുകൾക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് രാവിലെ 11ന് പാലായിൽ സ്വീകരണം നൽകാനിരിക്കെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. പാലാ മുനിസിപ്പൽ ചെയർമാൻ, എം വി ഗോവിന്ദൻ, 25 കൗൺസിലർമാർ എന്നിവരെയാണ് ലക്ഷ്യമിടുന്നതെന്നും കത്തിൽ പറയുന്നു. ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർക്കെതിരെയും പരാമർശങ്ങളുണ്ട്. ‘സിറ്റിസൺസ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിക്കുന്നത്.