പരസ്യ പ്രസ്താവനകൾ വേണ്ട; മുരളീധരനും എം കെ രാഘവനും താക്കീത്
തിരുവനന്തരപുരം: കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിനെതിരെ എം കെ രാഘവനും കെ മുരളീധരനും താക്കീത്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനാണ് മുന്നറിയിപ്പ് നൽകിയത്. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ നടത്തരുത്. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിരുന്നിട്ടും രാഘവൻ അപ്പോഴൊന്നും പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് രാഘവന് കെപിസിസി പ്രസിഡൻ്റ് അയച്ചു. കത്ത് രാഘവന് ഉടൻ ലഭിക്കും. എന്നാൽ തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് രാഘവൻ്റെ വിശദീകരണം.
യൂസ് ആൻഡ് ത്രോ ആണ് പാർട്ടിയിൽ ഇപ്പൊൾ നടക്കുന്നതെന്നും, മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരനും പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് മുരളീധരനുള്ള കത്തിൽ പറയുന്നത്.