കൊച്ചിയിൽ ഗുരുതര പ്രതിസന്ധി; റോഡുകളിലും കലക്‌ഷൻ സെന്ററുകളിലും മാലിന്യം കുമിഞ്ഞുകൂടിഎന്ന് റിപ്പോർട്ട്
കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രിക്കാനാവാത്ത പശ്ചാത്തലത്തിൽ നഗരത്തിലെ മാലിന്യ സംസ്കരണം ഗുരുതര പ്രതിസന്ധിയിൽ. 8 ദിവസമായി വീടുകളിൽ നിന്നും കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യം ശേഖരിച്ചിട്ട്. റോഡുകളിലും കലക്‌ഷൻ സെന്ററുകളിലും മാലിന്യം കുമിഞ്ഞുകൂടി.ചീഞ്ഞളിഞ്ഞ മാലിന്യ കൂമ്പാരത്തിൽ പുഴുവരിച്ചുതുടങ്ങി. ഏതാനും ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിലും ഏതാനും റസിഡന്റ് അസോസിയേഷനുകളും സ്വന്തം നിലയിൽ മാലിന്യം പ്രാദേശികമായി ശേഖരിച്ചു സംസ്കരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.മാലിന്യം ശേഖരിച്ചാൽ കൊണ്ടുപോകാൻ വാഹനം എത്താത്തതിനാൽ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നില്ല.
8 ദിവസം മുൻപു ശേഖരിച്ച മാലിന്യം പല സ്ഥലത്തും ഉന്തുവണ്ടികളിൽ കെട്ടിവച്ചിരിക്കുന്നു. 74 ഡിവിഷനുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം 50 കലക്‌ഷൻ സെന്ററുകളിൽ ശേഖരിച്ച് അവിടെനിന്നു വാഹനങ്ങളിൽ ബ്രഹ്മപുരത്തേക്കു കൊണ്ടുപോകുകയാണു രീതി. കലക്‌ഷൻ സെന്ററുകളെല്ലാം മാലിന്യക്കൂമ്പാരമായി.ഹോട്ടലുകളുടെ സ്ഥിതിയാണ് ഏറെ രൂക്ഷം. കൂട്ടിവച്ചിരിക്കുന്ന മാലിന്യത്തിൽ നിന്നുള്ള മണം പുറത്തേക്കു വമിച്ചുതുടങ്ങി. ഒരു ദിവസം പോലും ഇനി ഇതു കൂട്ടിവയ്ക്കാനാവാത്ത അവസ്ഥയാണെന്നു ചെറുകിട ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. ചിലർ ദൂരെ സ്ഥലങ്ങളിൽ സ്വന്തം നിലയിൽ മാലിന്യം കൊണ്ടുപോയി ഇടുന്നുണ്ട്.ചിക്കൻ സ്റ്റാളുകൾ ഉൾപ്പെടെയുള്ള കടകളിൽ നിന്നു മാലിന്യം വഴികളിലും ജലാശയങ്ങളിലും രാത്രി കൊണ്ടു തള്ളുന്നതു സ്ഥിതി വഷളാക്കിയിരിക്കുന്നു. ചാക്കുകളിലും പ്ലാസ്റ്റിക് സഞ്ചികളിലും കൊണ്ടിടുന്ന മാംസാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ റോഡിലേക്കു വലിച്ചിടുന്നു. വരും ദിവസങ്ങളിൽ ഇൗ മാലിന്യ കൂമ്പാരം ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കും.സ്വന്തം നിലയിൽ മാലിന്യ സംസ്കരണം നടത്തുന്ന ഫ്ലാറ്റുകൾ മാത്രമാണു പ്രതിസന്ധിയിലും പിടിച്ചു നിൽക്കുന്നത്. മാലിന്യ ശേഖരണം നിലച്ചതോടെ ദുർഗന്ധം മൂലം മാർക്കറ്റുകളിലേക്കു കടന്നുചെല്ലാനാവാത്ത അവസ്ഥയാണ്.അമ്പലമുകളിൽ ഫാക്ടിന്റെ സ്ഥലത്തും കിൻഫ്രയുടെ സ്ഥലത്തും തൽക്കാലത്തേക്കു ജൈവ മാലിന്യം സംസ്കരിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചെങ്കിലും ഇതുവരെ മാലിന്യം കൊണ്ടുപോയി തുടങ്ങിയിട്ടില്ല.