ഒമർ ലുലുവിന് ഇനി ‘നല്ല സമയം’; കേസ് റദ്ദാക്കി ഹൈക്കോടതി
ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസെടുത്തിരുന്നു.
“‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ ഫയൽ ചെയ്ത കേസ് റദ്ദാക്കി വിധി വന്നിരിക്കുന്നു. കേരള ഹൈക്കോടതിയോട് താൻ നന്ദി പറയുന്നു. ഇന്നത്തെ കാലത്ത് സിനിമയെ ഒരു സിനിമയായി കാണാനുള്ള വിവേകം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് കരുതുന്നു, ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി”, ഒമർ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ചിത്രത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് ശേഷമായിരുന്നു ഇത്. പിന്നീട് 2023 ജനുവരി 2ന് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചിരുന്നു. കേരള അബ്കാരി ആക്ടിലെ ചട്ടം 55 പ്രകാരമാണ് കേസെടുത്തത്.