നേപ്പാളിന് പുതിയ പ്രസിഡൻ്റ്; റാം ചന്ദ്ര പൗഡൽ ഈ മാസം 12ന് അധികാരത്തിലേറും
കാഠ്മണ്ഡു: നേപ്പാളിന്‍റെ മൂന്നാമത്തെ പ്രസിഡന്‍റായി റാം ചന്ദ്ര പൗഡൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 12 ന് റാം ചന്ദ്ര പൗഡൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) അടങ്ങുന്ന എട്ട് പാർട്ടി സഖ്യത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്‍ററി നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ടുകൾ ലഭിച്ചു.
നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ശേർ ബഹാദൂർ ദ്യൂബ പൗഡലിനെ അഭിനന്ദിച്ചു. “പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എന്‍റെ സുഹൃത്തിന് അഭിനന്ദനങ്ങൾ,” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിലെ പ്രസിഡന്‍റ് ബിദ്യ ദേവി ബണ്ഡാരിയുടെ കാലാവധി മാർച്ച് 12ന് അവസാനിക്കും. 332 പാർലമെന്‍റ് അംഗങ്ങളും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും ഉൾപ്പെടെ 882 അംഗങ്ങൾ ചേർന്നാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്.
518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാർലമെന്‍റ് അംഗങ്ങളും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷാലിഗ്രാം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൗഡൽ നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പാർലമെന്‍റിലെയും പ്രവിശ്യകളിലെയും അംഗങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുണ്ട്. തന്‍റെ ദീർഘകാല പോരാട്ട ജീവിതത്തിൽ അവർ ശരിയായ നിലപാട് എടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.