ബ്രഹ്മപുരം തീപിടിത്തം; സ്‌മോൾഡറിങ് ആണെന്ന കളക്ടറുടെ വാദം തള്ളി വിദഗ്ധർ
കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങനെ കണ്ടെത്തി എന്നതാണ് ചോദ്യം. ബ്രഹ്മപുരത്ത് സ്‌മോൾഡറിങ് സാദ്ധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസ വിഘടന പ്രക്രിയയിലൂടെ പുറപ്പെടുവിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് എന്ന പ്രതിഭാസമാണെന്നും എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധർ ഈ അവകാശവാദം തള്ളുകയാണ്.
സ്‌മോൾഡറിങ്ങാണെങ്കിൽ കത്തുകയല്ല പുകയുകയാണ് ചെയ്യുക. അഗ്നി പർവതങ്ങൾ കണ്ടിട്ടില്ലേ, ഒറ്റയടിക്കല്ല അവ പൊട്ടുക, ധാരാളം കാലം പുകഞ്ഞ ശേഷമാണ് പൊട്ടി തെറിക്കുക. ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. മാലിന്യങ്ങൾ ആദ്യം തന്നെ കത്തുകയായിരുന്നു. സ്മോൾഡറിംഗ് നടക്കണമെങ്കിൽ ഓക്സിജൻ്റെ സാന്നിധ്യം ഉണ്ടാവണം. അതെങ്ങനെ ഉണ്ടായെന്ന് കളക്ടർ തന്നെ വിശദീകരിക്കണമെന്നും കെ.എഫ്.ആർ.ഐ മുൻ രജിസ്ട്രാറായ ഡോ.സി.എം റോയ് പറഞ്ഞു.