ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം; മറ്റ് ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും. പരീക്ഷ രാവിലെ 9.30നാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 30ന് പൂർത്തിയാകും. ഏപ്രിൽ 3 മുതൽ മെയ് ആദ്യവാരം വരെ 80 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടക്കുക. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷകൾ മാർച്ച് 13ന് ആരംഭിക്കും.
ഇന്നലെയാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. മലയാളം, സംസ്കൃതം, അറബി തുടങ്ങിയ ഭാഷാ വിഷയങ്ങൾ പതിവുപോലെ വിദ്യാർത്ഥികൾ അനായാസം എഴുതി. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത പരീക്ഷയായ ഇംഗ്ലീഷ് തിങ്കളാഴ്ച നടക്കും.
2,960 കേന്ദ്രങ്ങളിലായി 4.19 ലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കൊവിഡ് ഭീഷണിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം ഫോക്ക് ഏരിയ അനുസരിച്ചാണ് പരീക്ഷ നടത്തിയത്. എന്നാൽ ഇത്തവണ മുഴുവൻ പാഠവും പരീക്ഷയ്ക്കുണ്ട്. കൊവിഡ് കാലത്ത് ഇല്ലാതിരുന്ന ഗ്രേസ് മാർക്ക് ഇത്തവണയുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കൊപ്പം മറ്റ് ക്ലാസുകളുടെ പരീക്ഷകളും നടക്കുന്നത് അധ്യാപകർക്ക് ഇരട്ടി ഭാരമാണെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.