ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് ചൈന
ബെയ്ജിംഗ്: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്ര സഹായത്തിനായി ശ്രീലങ്കൻ സർക്കാർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നിന്ന് സഹായം നല്കിയിട്ടും ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
അന്താരാഷ്ട്ര കടം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലൂടെയാണ് ദ്വീപ് രാജ്യം കടന്നുപോകുന്നത്. ഇതിനിടയിലാണ് ചൈനയിൽ നിന്ന് ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസ വാർത്ത എത്തിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര കടം തിരിച്ചടയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയും സഹായവും ഉറപ്പാക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോ നിംഗാണ് ഇക്കാര്യം പറഞ്ഞത്. ശ്രീലങ്കയിലെ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഭയക്കേണ്ടതില്ലെന്നും എല്ലാ സഹായങ്ങളും നൽകാൻ ചൈന അവരോടൊപ്പമുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോ നിംഗ് പറഞ്ഞു.