പാരാഗ്ലൈഡിംഗ് അപകടം; കമ്പനിയുടെ പ്രവർത്തനം നഗരസഭയുടെ മാനദണ്ഡങ്ങൾ ലംഘിച്ച്
തിരുവനന്തപുരം: വർക്കലയിലെ പാരാ ഗ്ലൈഡിംഗ് അപകടത്തിൽ നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയാണ് ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പ്രവർത്തനമെന്ന് കണ്ടെത്തൽ. എൻഒസി മാനദണ്ഡങ്ങൾ ലംഘിച്ചു. 10 ശതമാനം ഉപയോക്തൃ ഫീസ് മുനിസിപ്പാലിറ്റിക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. വർക്കല നഗരസഭാ കൗൺസിൽ യോഗം ചേർന്ന് എൻഒസി റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാരാഗ്ലൈഡിംഗ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഉടമകൾ ഒളിവിലാണ്. പാപനാശത്ത് പാരാഗ്ലൈഡിംഗിന് കമ്പനിക്ക് അനുമതിയില്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.