സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലിന് സ്വപ്ന; വൈകിട്ട് 5ന് ഫേസ്ബുക്ക് ലൈവ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി പ്രതി സ്വപ്ന സുരേഷ്. വൈകിട്ട് വിശദാംശങ്ങൾ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിവരങ്ങളുമായി വൈകുന്നേരം 5 മണിക്ക് താൻ ലൈവിൽ വരുമെന്നും സ്വപ്ന കുറിച്ചു.
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 23 വരെയാണ് റിമാൻഡ് കാലാവധി. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷൻ ഭവന പദ്ധതിക്ക് ലഭിച്ച 18 കോടി രൂപയുടെ വിദേശ സഹായത്തിൽ 4.50 കോടി രൂപ തിരിമറി നടത്തിയെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സിഎം രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
വനിതാ ദിനമായ മാർച്ച് എട്ടിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകൾക്കും ആശംസകൾ നേർന്ന് സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്ന ആശംസകൾ അറിയിച്ചത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കേരളത്തെ വിൽപ്പന ചരക്കാക്കി മാറ്റുന്ന രീതിക്കുമെതിരെയാണ് തന്‍റെ പോരാട്ടമെന്നും സ്വപ്ന പറഞ്ഞു. നിർഭാഗ്യവശാൽ, ഈ പോരാട്ടത്തിൽ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്നും അവർ പറഞ്ഞു. കോടിക്കണക്കിന് വിധവകളെയും അമ്മ നഷ്ടപ്പെട്ട കുട്ടികളെയും സൃഷ്ടിക്കാൻ ഭരണകക്ഷിക്ക് കഴിയുമെന്ന് അവർ തന്നെ തെളിയിച്ചിട്ടുണ്ട്. ലോക നിർഗുണ പുരുഷദിനം താനും വൈകാതെ ആഘോഷിക്കുമെന്നും സ്വപ്ന പറഞ്ഞു.