കുടിയേറ്റക്കാർക്കെതിരായ ‘സ്റ്റോപ്പ് ദി ബോട്ട്സ്’; ന്യായീകരണവുമായി ഋഷി സുനക്
ലണ്ടൻ: അനധികൃതമായി ബ്രിട്ടണിലെത്താൻ ഇംഗ്ലീഷ് ചാനൽ വഴി സുരക്ഷിതമല്ലാത്ത യാത്രകൾ നടത്തുന്ന കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയായ ‘സ്റ്റോപ്പ് ദി ബോട്ട്സി’ നെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർലമെന്‍റിൽ അവതരിപ്പിച്ച അനധികൃത കുടിയേറ്റ ബില്ലിൻ്റെ സാധ്യതയെക്കുറിച്ച് പ്രതിപക്ഷം സുനക്കിനെ വെല്ലുവിളിച്ചിരുന്നു.
ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ എത്തുന്ന അഭയാർഥികളെ ബ്രിട്ടീഷ് മണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ തിരിച്ചയക്കുന്നതാണ് പുതിയ നിയമം. ബോട്ടുകൾ തടയുന്നത് തന്‍റെ മാത്രം മുൻഗണനയല്ലെന്നും ജനങ്ങളുടെ മുൻഗണനയാണെന്നും സുനക് പറഞ്ഞു.
നിലപാട് വ്യക്തമാണ്. നിയമവിരുദ്ധമായി ഇവിടെ വരുന്നവർക്ക് അഭയം തേടാൻ കഴിയില്ല. അനധികൃതമായി ഇവിടെ വരുന്നത് തടങ്കലിലേക്കോ നാടുകടത്തലിനോ കാരണമാകുമെന്ന് അറിഞ്ഞിരിക്കണം. ഇത് സംഭവിച്ചുകഴിഞ്ഞാൽ, അവർ വീണ്ടും വരില്ല. അനധികൃതമായി വരുന്നവരെ ആഴ്ചകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത് തിരിച്ചയക്കും. സുരക്ഷിതമാണെങ്കിൽ, അവരെ സ്വന്തം രാജ്യത്തേക്കോ അല്ലാത്തപക്ഷം റുവാണ്ട പോലുള്ള സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.