ബ്രഹ്മപുരം തീപിടിത്തം; കളക്ടർക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കളക്ടർ രേണു രാജിനെതിരെ വിമർശനമുയർന്നത്.
ബ്രഹ്മപുരം തീപിടുത്തത്തിൽ നിന്ന് കളക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കാമെന്ന് നിങ്ങൾ പറഞ്ഞോ? പൊതുജനങ്ങൾക്ക് എന്ത് മുന്നറിയിപ്പാണ് നൽകിയത്? പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണന. ഇന്നലെ രാത്രിയും തീപിടിത്തമുണ്ടായെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കോടതി പറഞ്ഞു. കളക്ടർ വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
തീപിടിത്തം ഉണ്ടാകുന്നതിന് മുമ്പ് തന്നെ കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നതായി കളക്ടർ കോടതിയെ അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. തീ അണയ്ക്കാൻ ജില്ലയ്ക്ക് പുറത്ത് നിന്ന് പോലും സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. നഗരത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ എത്ര സമയമെടുക്കുമെന്ന് കോടതി കോർപ്പറേഷനോട് ചോദിച്ചു. നാളെ മുതൽ മാലിന്യ ശേഖരണം ആരംഭിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. വീട്ടുപടിക്കൽ നിന്ന് മാലിന്യം ശേഖരിക്കുമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറി അറിയിച്ചു.