ഉച്ചത്തിൽ സംസാരമരുത്, 10ന് ശേഷം ലൈറ്റ് പാടില്ല; രാത്രി യാത്രാ നിർദ്ദേശങ്ങളുമായി റെയിൽവെ
ന്യൂഡൽഹി: രാത്രിയിൽ ട്രെയിൻ യാത്രയിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോണില്ലാതെ സംഗീതം കേൾക്കരുത്, രാത്രി 10 മണിക്ക് ലൈറ്റുകൾ ഓഫ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രെയിനിനുള്ളിൽ മദ്യപാനവും പുകവലിയും കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിനിൽ രാത്രി യാത്ര സുഗമമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യം പരിശോധിച്ച് യാത്രക്കാരെ ബോധവത്കരിക്കണം.
നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളും രാത്രി 10 മണിക്ക് ശേഷം അണയ്ക്കണമെന്നാണ് നിർദ്ദേശം. കൂട്ടമായി യാത്ര ചെയ്യുന്നവരും രാത്രി 10 മണിക്ക് ശേഷം ബഹളമുണ്ടാക്കരുത്. രാത്രി 10 മണിക്ക് ശേഷം ഓൺലൈൻ ഭക്ഷണ വിതരണം അനുവദിക്കില്ല. ഇ-കാറ്ററിംഗ് ഉപയോഗിച്ച് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാമെന്നും നിർദ്ദേശമുണ്ട്.
താഴത്തെ ബെർത്തിലെ യാത്രക്കാരൻ രാത്രി പത്ത് മണിക്ക് ശേഷം മധ്യ ബെർത്തിലെ സഹയാത്രികനെ സീറ്റ് തുറന്ന് കിടക്കാൻ അനുവദിക്കണം. ട്രെയിനിൽ ലഗേജ് കൊണ്ടുവരുന്നത് സംബന്ധിച്ചും റെയിൽവേ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.