സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം; ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന
കാസര്‍കോട്: വിവാഹത്തിന്‍റെ 28-ാം വർഷത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച്. സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിൽ വിശ്വാസികൾ വഞ്ചിക്കപ്പെടില്ലെന്നും വിശ്വാസികളുടെ മനോവീര്യം തകർക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് അഡ്വ.ഷുക്കൂർ തനിക്കെതിരായ പരാമർശം അറിയിച്ചത്. മരണശേഷം, തന്‍റെ സമ്പാദ്യമെല്ലാം തന്‍റെ മൂന്ന് പെൺമക്കൾക്ക് മാത്രമായി ലഭിക്കാനാണ് അഭിഭാഷകൻ ഈ വിവാഹ നാടകം നടത്തിയത്. ജീവിതത്തിൽ ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരാൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം കഴിക്കുന്നത് വിരോധാഭാസമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് ഇസ്ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ മനസിലാക്കാത്തതിന്‍റെ ദുരന്തമാണ് ഇത്തരം ആലോചനകൾ. ഒരു വ്യക്തിയുടെ മരണശേഷം, സ്വത്ത് അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ തിരിച്ചെടുക്കുകയും കുറ്റമറ്റ രീതിയില്‍ പുനര്‍ വിഭജനം നടത്തുന്നതുമാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമം. ഇത് അനന്തര സ്വത്തുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ജീവിതകാലത്ത് എല്ലാ സമ്പാദ്യവും പെൺകുട്ടികൾക്ക് നൽകുന്നതിന് മതം ഒരു തടസ്സമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.