മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീലും ഭാര്യയും രണ്ടാമതും വിവാഹിതരായി
കാസര്‍കോട്: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും രണ്ടാമത് വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‍റെ 28-ാം വാർഷികത്തിൽ ലോക വനിതാ ദിനത്തിലാണ് ഇരുവരും വിവാഹിതരായത്. മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരെ സാക്ഷിയാക്കിയാണ് രണ്ടാമതും വിവാഹം കഴിച്ചത്.
അഡ്വക്കേറ്റ് സജീവനും സി.പി.എം നേതാവ് വി.വി രമേശും സാക്ഷികളായി വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടു. പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, മുസ്ലിം ആചാരപ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നു, ഇതിനായി വനിതാ ദിനം തിരഞ്ഞെടുത്തു. മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാനും തന്‍റെ പെൺമക്കൾക്ക് സ്വത്തിന് പൂർണ്ണ അവകാശം നൽകാനും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
മുസ്ലീം പിന്തുടർച്ചാവകാശ നിയമപ്രകാരം, ആൺമക്കൾ ഉണ്ടെങ്കിൽ മാത്രമേ മുഴുവൻ സ്വത്തും കൈമാറാൻ കഴിയൂ. ഷുക്കൂറിനും ഷീനയ്ക്കും മൂന്ന് പെൺമക്കളുള്ളതിനാൽ അവരുടെ മക്കൾക്ക് സ്വത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ ലഭിക്കൂ. ബാക്കി സഹോദരൻമാരുടേതാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിരാകുന്നതെന്ന് ഷുക്കൂർ പറഞ്ഞു. രണ്ട് തവണയുണ്ടായ വാഹനാപകടങ്ങളാണ് ജീവിതത്തിന്‍റെ മറ്റൊരു തലത്തെക്കുറിച്ചുള്ള ചിന്തയിലേക്ക് നയിച്ചതെന്നും ഷുക്കൂർ പറയുന്നു.