വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി നാലു പേർ അറസ്റ്റിൽ
ഇടുക്കി : മുട്ടത്ത് വിദ്യാർത്ഥികൾക്കായി വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി നാലു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശികളായ മാറാടി കീരിമടയിൽ ബേസിൽ (23), പെരുമറ്റം കൂട്ടിക്കൽ സൈനസ് (26), വെള്ളൂർകുന്നംഭാഗം പുത്തൻപുരയിൽ അസ്‌ലം (26), കണ്ടാപറമ്പിൽ സാബിത്ത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടോടെ ഇവരെ മലങ്കര ഡാമിനു സമീപത്തു നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് വിപണിയിൽ 34,000 രൂപ വിലവരുന്ന 11.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുട്ടത്തെ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ചതാണ് ലഹരിവസ്തുവെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ കടത്തിയ കാറും കസ്റ്റഡിയിലെടുത്തു.
തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു, മുട്ടം എസ്ഐ ഷാജഹാനും ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. എംഡിഎംഎയുടെ ഉറവിടം അറിയുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്തുമെന്ന് മുട്ടം എസ്എച്ച്ഒ പ്രിൻസ് പറഞ്ഞു. എസ്‌സിപിഒമാരായ മഹേഷ് ഈഡൻ, സിയാദ് ബീൻ, ജോയി, സതീഷ്, സുദീപ്, സിപിഒമാരായ നദീർ മുഹമ്മദ്, അനൂപ്, ടോം സ്കറിയ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.