വരാപ്പുഴയിൽ നടന്നത് അനധികൃത പടക്ക നിര്‍മാണം; പൊലീസ് റിപ്പോര്‍ട്ട്
കൊച്ചി: വരാപ്പുഴയിൽ സ്ഫോടനം നടന്ന പടക്ക നിർമ്മാണശാലയിൽ നടന്നത് അനധികൃത പടക്ക നിർമ്മാണമാണെന്ന് കണ്ടെത്തൽ. അസംസ്കൃത വസ്തുക്കൾ എത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് സ്ഫോടനം നടന്നത്. ഉത്സവങ്ങൾ ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം. കഴിഞ്ഞ മാസം 28നാണ് സ്ഫോടനം നടന്നത്.
സ്ഫോടനം നടന്ന ദിവസം തന്നെ പടക്കശാല നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിരുന്നു. വിൽപ്പന ലൈസൻസിന്‍റെ മറവിൽ അനധികൃതമായി പടക്കങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീച്ചിയിലെ നിർമ്മാണ ലൈസൻസിന്‍റെ മറവിൽ വരാപ്പുഴയിൽ പടക്കങ്ങൾ നിർമ്മിച്ചതായി പൊലീസ് കണ്ടെത്തി.
ജെൻസനായിരുന്നു നിർമ്മാണ ലൈസൻസ് ഉണ്ടായിരുന്നത്. ഉത്സവങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ പടക്കങ്ങൾ നിർമ്മിക്കാൻ സംഘം പദ്ധതിയിട്ടിരുന്നു. ഷെഡിനുള്ളിലെ പടക്കങ്ങളിലാണ് ആദ്യം തീ പടർന്നത്. വീടിന് തീപിടിച്ചതോടെ വലിയ പൊട്ടിത്തെറിയുണ്ടായി. അപകടത്തിൽ ജെൻസന്‍റെ ബന്ധു ഡേവിസ് മരിച്ചു. ജെൻസൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കേസിലെ രണ്ടാം പ്രതിയും തകർന്ന വീടിന്‍റെ ഉടമയുമായ മത്തായി വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.