കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി അധികാരമേറ്റു
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവരെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത് മന്ത്രിസഭയിലെ എൻപിപിയുടെ ശക്തി തെളിയിച്ചു.
ബിജെപിയുടെ അലക്സാണ്ടർ ലാലു ഹെക്, യുഡിപിയുടെ പോൾ ലിങ്ദോ, കിർമെൻ ഷില്ല, എച്ച്എസ്പിഡിപിയുടെ ഷക്ലിയാർ വാർജ്രി എന്നിവരും മന്ത്രിമാരായി. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ എട്ട് മന്ത്രിമാരാണ് എൻപിപിക്കുള്ളത്. യു.ഡി.പിക്ക് രണ്ട് മന്ത്രിസ്ഥാനവും എച്ച്.എസ്.പി.ഡി.പിക്കും ബി.ജെ.പിക്കും ഓരോ മന്ത്രിസ്ഥാനവുമുണ്ട്. രണ്ട് എം.എൽ.എമാർക്കും മന്ത്രിസ്ഥാനം നൽകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. 12 മന്ത്രിമാരിൽ മുഖ്യമന്ത്രിയടക്കം നാല് പേർ ഗാരോ ഹിൽസിൽ നിന്നും എട്ട് പേർ ഖാസി, ജയന്തിയ ഹിൽസിൽ നിന്നുമാണ്.