ഡൽഹി മദ്യനയ അഴിമതി കേസ്; സിസോദിയയെ ജയിലിലേക്ക് മാറ്റും
ന്യൂഡല്‍ഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസോദിയയുടെ ജാമ്യാപേക്ഷ ഈ മാസം 10 ന് കോടതി പരിഗണിക്കും.
ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഹാജരാക്കിയത്. നിലവിൽ റിമാൻഡ് ആവശ്യമില്ലെന്നും എന്നാൽ അടുത്ത 15 ദിവസത്തിനുള്ളിൽ ആവശ്യപ്പെടുമെന്നും സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. വാറന്റ് നല്കിയിരുന്നു. പരിശോധനകൾ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കോടതിയെ അറിയിക്കുന്നുണ്ട്. എന്നിട്ടും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രതിഭാഗം പറയുന്നതെന്ന് സി.ബി.ഐ കോടതിക്ക് മുമ്പാകെ ചൂണ്ടികാട്ടി. അതേസമയം, നിയമവിരുദ്ധമായ എന്തെങ്കിലും പ്രതിഭാഗത്തിന് തോന്നുന്നുണ്ടെങ്കിൽ അവർക്ക് അത് ചൂണ്ടിക്കാട്ടാമെന്നും കോടതി പറഞ്ഞു.
സിബിഐ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് സിസോദിയയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയത്. സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ ജയിലിലേക്ക് മാറ്റും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കി മാനസികമായി പീഡിപ്പിക്കുകയാണെന്ന് മനീഷ് സിസോദിയ കോടതിയെ അറിയിച്ചിരുന്നു. സിസോദിയയുടെ അഭ്യർത്ഥന മാനിച്ച് കണ്ണട, ഡയറി, പേന, ഭഗവത് ഗീത എന്നിവ ജയിലിലേക്ക് കൊണ്ടുപോകാൻ കോടതി അനുമതി നൽകി. സി.ബി.ഐ നടത്തിയ വൈദ്യപരിശോധനയിൽ നിർദ്ദേശിച്ച മരുന്നുകൾ ജയിലിലേക്ക് കൊണ്ടുപോകാനും അനുമതി നൽകി. സിസോദിയയുടെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തെ വിപാസന സെല്ലിലാണ് പാർപ്പിക്കുക.