ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; മനപ്പൂർവം തീയിട്ടതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇന്നോടെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നും മന്ത്രി എം ബി രാജേഷ്. വിഷയം ഗൗരവമുള്ളതാണെന്നും ജനപ്രതിനിധികളുടെ യോഗം വിളിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ മാലിന്യം കൂട്ടിയിട്ടതാണെന്നും അത് മറയ്ക്കാൻ മനഃപൂർവ്വം തീയിട്ടതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഇപ്പോൾ പരിഭ്രാന്തിയുടെ അന്തരീക്ഷമില്ലെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്‍റെ അവസ്ഥ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മാലിന്യം കിടന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് എത്താൻ കഴിയാത്തത് പ്രശ്നമായിരുന്നു. തീ അണയ്ക്കാനുള്ള ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ സംവിധാനം ഏർപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്‍റർ ആരോഗ്യവകുപ്പ് ഒരുക്കി.
മാലിന്യസംസ്കരണത്തിന് ദീർഘകാല ഇടപെടൽ ഉണ്ടാകും. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാലേ കാരണം വ്യക്തമാകൂ. ഉയർന്ന അന്തരീക്ഷ താപനിലയും തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. പുതിയ പ്ലാന്‍റ് വരുന്നതോടെ മാലിന്യപ്രശ്നത്തിന് പരിഹാരമാകും. 2026 ഓടെ മാലിന്യം പൂർണ്ണമായും നിർമാർജനം നടത്താൻ കഴിയുമെന്നും എം ബി രാജേഷ് പറഞ്ഞു.
പ്ലാന്റിലെ തീ അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കരാറുകാർ ആരും തന്നെ വ്യവസ്ഥകൾ പാലിച്ചിട്ടില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതു മറച്ചു വെക്കാൻ മനപ്പൂർവം സൃഷ്ടിച്ചതാണ് തീ. മാലിന്യം കത്തി പുറത്ത് വരുന്ന വിഷപ്പുക ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടെന്നും, ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.