തോഷഖാന കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്
ഇസ്‌ലാമാബാദ്: തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. ലാഹോറിലെ സമാൻ പാർക്കിലുള്ള ഇമ്രാൻ ഖാന്‍റെ വസതിയിൽ പോലീസ് എത്തിയതായാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. സെഷൻസ് കോടതി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടിൽ കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇമ്രാൻ ഖാന്‍റെ വസതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇമ്രാന്‍റെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്‍റെ വസതിയിലെത്താൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏത് ശ്രമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്‍റ് ഫവാദ് ചൗധരി പറഞ്ഞു.